നഗരങ്ങളിലെ മാലിന്യങ്ങള്‍ കൊണ്ടുപോയിത്തള്ളുന്ന സ്ഥലം കാണാത്തവര്‍ ആരും ഉണ്ടാവില്ലല്ലോ. എങ്ങനെയെങ്കിലും മൂക്കുപൊത്തി എത്രയും പെട്ടെന്ന് അവിടം കടന്നുപോവാനായിരിക്കും ഏവരുടെയും ആഗ്രഹം. എന്നാല്‍ വേറൊരുനാട്ടില്‍ ഖരമാലിന്യം കൊണ്ടുപോയിനിക്ഷേപിക്കുന്ന സ്ഥലംകാണാന്‍ നാലുമാസങ്ങള്‍ക്കുമുന്‍പേ ടിക്കറ്റ് ബുക്കുചെയ്താലേ അവസരം കിട്ടൂ എന്നറിയാമോ?
കടലില്‍ 865 ഏക്കര്‍ സ്ഥലം വേര്‍തിരിച്ച് മതിലുകെട്ടി അവിടെ സംസ്കരിച്ച ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കാനയി രണ്ടുചെറുദ്വീപുകള്‍ക്കിടയിലുള്ള സ്ഥലം സിംഗപ്പൂര്‍ നികത്തിയെടുത്തു. അവിടെയാണ് പുലൌ സെമകൌ ഖരമാലിന്യകേന്ദ്രം. സിംഗപ്പൂരില്‍ സ്ഥലം തീരെ കുറവാണ്. മനുഷ്യജീവിതത്തിന്റെ ഭാഗമാണ് മാലിന്യങ്ങള്‍. എത്രയൊക്കെ ശ്രദ്ധിച്ചാലും കുറെ മാലിന്യങ്ങള്‍ ബാക്കിയാവും. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുകയാണ് ആര്‍ക്കും ചെയ്യാനുള്ളത്. അതിനായി മാലിന്യം ഉണ്ടാവാതെ നോക്കുക, ഉണ്ടാകുന്നതിന്റെ അളവ് കുറയ്ക്കുക, പുനരുപയോഗിക്കുക, പുതിയ ഉല്‍പ്പന്നമാക്കി മാറ്റാന്‍ ശ്രമിക്കുക, മാലിന്യത്തില്‍ നിന്നു പരമാവധി കിട്ടാവുന്ന ഊര്‍ജ്ജം വേര്‍തിരിക്കുക, ഇനിയും ബാക്കിയുള്ളവയെ കത്തിച്ചതിനുശേഷം വരുന്ന ചാരത്തെ എവിടെയെങ്കിലും സുരക്ഷിതമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക. ഇതാണ് ആധുനികമായ ഖരമാലിന്യനിര്‍മ്മാര്‍ജനരീതി.
സിംഗപ്പൂരിലെ മാലിന്യസംസ്കരണരീതി വളരെ ആധുനികമാണ്. മാലിന്യങ്ങളില്‍ നിന്നും പരമാവധി പുനരുപയോഗിക്കാവുന്നവ ഉപയോഗിച്ചശേഷം ഒരുതരത്തിലും ഒന്നും ചെയ്യാന്‍ പറ്റാത്ത മാലിന്യങ്ങളെ കൊണ്ടുപോയിത്തള്ളാനായി ഉണ്ടാക്കിയ കൃത്രിമദ്വീപാണ് സെമകൌ. 8 കിലോമീറ്റര്‍ ദൂരെ കടലില്‍ രണ്ടുചെറുദ്വീപുകളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് കല്ലുകെട്ടി ഉണ്ടാക്കിയെടുത്ത 865 ഏക്കര്‍ വലിപ്പമുള്ള ഒരു ദ്വീപാണ് ഇത്. ഇവിടത്തെ യാതൊന്നും കടല്‍വെള്ളത്തിലേക്കു കലരാതെ ജലം കിനിഞ്ഞിറങ്ങാത്തതരം വസ്തുക്കള്‍ കൊണ്ടാണ് ഭിത്തി ഉണ്ടാക്കിയിരിക്കുന്നത്. ദ്വീപില്‍ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലത്തെ പതിനൊന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. സിംഗപ്പൂരില്‍ ആകെ ഉണ്ടാകുന്ന മാലിന്യങ്ങള്‍ നാലു സംസ്കരണകേന്ദ്രത്തില്‍ വച്ച് സംസ്കരിക്കുമ്പോള്‍ ആദ്യം ഉണ്ടായിരുന്നതിന്റെ പത്തിലൊന്നേ മിച്ചം വരാറുള്ളൂ. ദിവസവും 1400 ടണ്‍ ചാരവും ഒരു തരത്തിലും സംസ്കരിക്കാനാവാത്ത 600 ടണ്‍ ഖരമാലിന്യങ്ങളുമാണ് ഇവിടെ എത്തുന്നത്. കടല്‍യാത്രചെയ്യുന്ന മറ്റു വാഹനങ്ങള്‍ക്കു ശല്യമാവാതിരിക്കാന്‍ പൂര്‍ണ്ണമായും രാത്രിയിലാണ് മാലിന്യങ്ങള്‍ ബാര്‍ജില്‍ ദ്വീപിലേക്കു കൊണ്ടുപോകുന്നത്. ഒന്നു നിറഞ്ഞുകഴിഞ്ഞാല്‍ ആ സ്ഥലം നികത്തി മൂടി മണ്ണിട്ട് അതിനുമുകള്‍ഭാഗം ഉദ്യാനമാക്കി മാറ്റുന്നു. ആ പ്രദേശങ്ങള്‍ ഇന്ന് ജൈവവൈവിധ്യസമ്പന്നകേന്ദ്രങ്ങളാണ്. വംശനാശഭീഷണിയുള്ളതുള്‍പ്പെടെ 700 തരം ചെടികളും ജീവികളും അവിടെ വസിക്കുന്നു. കണ്ടല്‍ക്കാടുകളെ സംരക്ഷിക്കാനായി രൂപരേഖയില്‍ മാറ്റം വരുത്തി നിര്‍മ്മിച്ച ഈ സ്ഥലത്ത് പലതരം പക്ഷികള്‍ കൂടുകെട്ടുന്നുണ്ട്. മല്‍സ്യബന്ധനവും പക്ഷിനിരീക്ഷണവും വിനോദമാക്കിയവര്‍ പകലുകളില്‍ എത്തുമ്പോള്‍ നഗരത്തിലെ വെളിച്ചത്തില്‍ നിന്നും രക്ഷതേടി വാനനിരീക്ഷകര്‍ ഇവിടെ രാത്രിയില്‍ എത്തുന്നു. സ്കൂളുകളില്‍ നിന്നും പല വിനോദയാത്രാസംഘങ്ങളും ഇവിടെ എത്താറുണ്ട്. 1999 മുതല്‍ മാലിന്യം നിക്ഷേപിക്കുന്ന ഇവിടെയുള്ള 11 സെല്ലുകളില്‍ നാലെണ്ണം നിറഞ്ഞതിനുശേഷം ഉദ്യാനങ്ങളായി മാറിയിരിക്കുന്നു. സിംഗപ്പൂരിലെ 2045 വരെയുള്ള സകല മാലിന്യങ്ങളും നിക്ഷേപിക്കാന്‍ കഴിയുന്നവിധമാണ് ദ്വീപിന്റെ രൂപകല്‍പ്പന. യാതൊരുവിധ മാലിന്യങ്ങളും കടലില്‍കലരാതെയും കടലിലെ ജൈവവ്യവസ്ഥയെ ഒരു തരത്തിലും പ്രതികൂലമായി ബാധിക്കാതെയുമാണ് ഈ കേന്ദ്രത്തിന്റെ നിര്‍മ്മാണം. ദ്വീപില്‍ ഒരു ഇക്കോപാര്‍ക്ക് ഉണ്ടാക്കാനുള്ള ചര്‍ച്ചയിലാണ് അധികൃതര്‍.
മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടിലാക്കി വലിച്ചെറിയാന്‍ പാതയോരങ്ങളും അല്ലാത്തതെല്ലാം കുത്തിനിറയ്ക്കാന്‍ നഗരഹൃദയങ്ങളും ഉള്ളപ്പോള്‍ നമ്മള്‍ വെറുതേ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. നമ്മുടെ മാലിന്യക്കൂമ്പാരങ്ങള്‍ ഈച്ചയും കൊതുകും കാക്കയും തെരുവുനായ്ക്കളും രോഗം പരത്തുന്ന രോഗാണുക്കളും നിറഞ്ഞ ജൈവവൈവിധ്യകേന്ദ്രങ്ങള്‍ തന്നെ. ഓരോ മഴക്കാലത്തും ആശുപത്രിയില്‍ രോഗികള്‍ നിറയുമ്പോഴും യാതൊരു വിധത്തിലും മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാര്‍ഗമില്ലാതെ നമ്മള്‍ മാലിന്യങ്ങള്‍ ഒരിടത്ത് ശേഖരിച്ച് വേറൊരിടത്ത് കൊണ്ടുചെന്നിടുന്ന പ്രവൃത്തികള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു.
0 Comments