Ticker

6/recent/ticker-posts

അതിവേഗം വികസിക്കുന്ന അതിർത്തിയോര പട്ടണമായി കല്ലമ്പലം!

കല്ലമ്പലത്തിന്റെ ഭൂതകാലത്തിലൂടെ ഒരു യാത്ര......

തിരുവനന്തപുരം -കൊല്ലം ജില്ലാ അതിർത്തിയിൽ അറിയപ്പെടുന്ന വ്യാപാര കേന്ദ്രമാണ് കല്ലമ്പലം. കല്ലമ്പലത്തു നിന്നും നാല് കിലോമീറ്റർ യാത്ര ചെയ്‌താൽ കൊല്ലം ജില്ലാ പ്രവേശന കവാടമായ കടമ്പാട്ടുകോണത്തെത്താം. കല്ലമ്പലത്തു നിന്നും ഇടത്തോട്ട് തിരിഞ്ഞാൽ ദക്ഷിണ കാശി എന്നറിയപ്പെടുന്ന വർക്കല ശിവഗിരിയിലും , പാപനാശം ബീച്ചിലും എത്താം. കല്ലമ്പത്തുനിന്നും വലത്തോട്ട് തിരിഞ്ഞാൽ കിളിമാനൂരിൽ എത്തിച്ചേരാം. ഏതുസമയത്തും തിരക്കുള്ള കല്ലമ്പലം, നാവായിക്കുളം, ഒറ്റൂർ, മണമ്പൂർ പഞ്ചായത്തുകളുടെ സംഗമ ഭൂമി കൂടിയാണ്. 
കല്ലമ്പലത്തെ കുറിച്ചുള്ള പഴയ ഓർമയിൽ തണൽ പരത്തി നിൽക്കുന്നത് കല്ലമ്പലത്തെ ആ പഴയ പടുകൂറ്റൻ ആൽമരം തന്നെയാണ്. ആലിന് താഴെ ബസ് സ്റ്റാൻഡ് എന്നെഴുതിയ പഴയ ഷെഡും, പഞ്ചായത്ത്‌ കിണറും, കുറച്ചു ടാക്സി കാറുകളും ഉണ്ടന്നതൊഴിച്ചാൽ ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നും അന്നില്ലായിരുന്നു. രാവിലെയും വൈകുന്നേരവും സജീവമാകുന്ന കല്ലമ്പലം ചന്ത അന്ന് പ്രശസ്തമായിരുന്നു. കൊല്ലത്തെ പ്രമുഖ വ്യാപാരി തങ്ങൾ കുഞ്ഞു മുസ്ലിയാർ കല്ലമ്പലത്തു സ്ഥാപിച്ച കശുവണ്ടി ഫാക്ടറി കല്ലമ്പലത്തെ പുരാതന തൊഴിൽ കേന്ദ്രമായിരുന്നു. അഞ്ഞൂറോളം ആളുകളാണ് അന്ന് ഈ ഫാക്റ്ററിയിൽ ജോലി ചെയ്തിരുന്നത്. കല്ലമ്പലത്തെ ആദ്യകാല സിനിമ തിയറ്റർ ശ്യാമള തിയറ്ററായിരുന്നു. തുടർന്ന് ബാബു, സ്റ്റാർ, കവിത തുടങ്ങിയ പേരുകളിൽ പ്രവർത്തനം നടത്തിയെങ്കിലും ഇപ്പോൾ പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. ഹോട്ടലുകളിൽ ആദ്യത്തേത് സെൻട്രൽ കഫേ, എ വണ് എന്നിവയായിരുന്നു. കല്ലമ്പലത്തെ ആദ്യത്തെ ബാങ്ക് എസ് ബി ടി ആയിരിന്നു. ഇവിടത്തെ ആദ്യത്തെ തുണിക്കടയായ നൂർജഹാൻ ഉത്ഘാടനം ചെയ്തത് മലയാളത്തിന്റെ നിത്യ ഹരിത നായകൻ പ്രേം നസീറാണ്. 
ഗൾഫ് പണത്തിന്റെ വരവോടു കൂടി കല്ലമ്പലത്തിന്റെ മുഖച്ഛായ തന്നെ അടിമുടി മാറി. യുവാക്കൾ കൂട്ടത്തോടെ ഗൾഫിലേക്ക് കുടിയേറിയതോട് കൂടി ഗൾഫ് സാധനങ്ങളുടെയും, വിദേശ കറൻസികളുടെയും തെക്കൻ കേരളത്തിലെ അറിയപ്പെടുന്ന വിപണിയായി കല്ലമ്പലം മാറി. ഇതോടെ നിരവധി ആളുകൾ ഈ തൊഴിലിലൂടെ ജീവിത മാർഗം കണ്ടെത്തി. ചെറിയ കവലയായിരുന്ന കല്ലമ്പലം ഇന്നുകാണുന്ന ടൗൺ ഷിപ്പിലേക്കു മാറാൻ അധികസമയം വേണ്ടി വന്നില്ല. ബഹുനില കെട്ടിടങ്ങളും, ആശുപത്രികളും, സൂപ്പർ മാർക്കറ്റുകളും, ആഡിറ്റോറിയങ്ങളും, പുതുതലമുറ ബാങ്കുകളും, ആധുനിക വസ്‌ത്ര വ്യാപാര സ്ഥാപനങ്ങളും, വിദ്യാഭാസ സ്ഥാപനങ്ങളുമായി നിരവധി മാറ്റങ്ങളാണ് ചുരുങ്ങിയ കാലം കൊണ്ട് കല്ലമ്പലത് സംഭവിച്ചത്.  ഷോപ്പിംഗ് മാളുകളും അണിയറയിൽ ഒരുങ്ങുന്നു കല്ലമ്പലത്തിൽ! 
കല്ലമ്പലത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നാവായിക്കുളം ശ്രീ ശങ്കര നാരായണ സ്വാമി ക്ഷേത്രവും, നാവായിക്കുളം വലിയ പള്ളി മുസ്ലിം ജമാഅത്തും , മരുതിക്കുന്നു സി എസ് ഐ ചർച്ചും നാടിന്റെ മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. 
' നാവായ ' എന്നാൽ വേദം പഠിപ്പിക്കുന്ന സ്ഥലം എന്നാണ് അതുകൊണ്ടുതന്നെ നാവായിക്കുളം ഒരുകാലത്തു അതി പ്രശസ്തമായ പൗരാണിക വേദ പഠന കേന്ദ്രമായിരുന്നു. 1439ലാണ് അക്കാലത്തെ ഭരണാധികാരിയായിരുന്ന ചേര ഉദയ മാർത്താണ്ഡ വർമ്മ നാവായിക്കുളം ക്ഷേത്രം പണികഴിപ്പിച്ചത്. നാവായിക്കുളം ക്ഷേത്രത്തിൽ വർഷാവർഷം നടക്കുന്ന ഉത്സവം അതി പ്രശസ്തമാണ്. 
ദേശീയ പാതയിൽ തട്ടുപാലത്തിനു സമീപം സ്ഥിതി ചെയ്യുന്ന പുരാതനമായ ഒരു മുസ്ലിം പള്ളിയാണ് നാവായിക്കുളം വലിയ പള്ളി.മത സൗഹാർദ്ദത്തിന്റെ ഉത്തമോദാഹരണമാണ് നാവായിക്കുളം വലിയ പള്ളി. 575വർഷം പഴക്കമുള്ള നാവായിക്കുളം വലിയ പള്ളി കാടായിക്കിടന്ന 
പ്രദേശം വെട്ടിത്തെളിച്ചാണ് നിർമ്മിച്ചത്. ചെറിയ ഒരു ഓല പുരയിൽനിന്നും ഇന്നു കാണുന്ന ബഹുനില പള്ളിയിലേക്ക് മാറിയിട്ട് അധിക കാലമായിട്ടില്ല. നാവായിക്കുളം വലിയ പള്ളിക്കു കീഴിൽ നിരവധി മത സ്ഥാപനങ്ങളാണ് ഇന്നുള്ളത്.
കല്ലമ്പലം മേഖലയിലെ ഏക ക്രൈസ്തവ ആരാധനാലയമാണ് മരുതിക്കുന്നിൽ സ്ഥിതി ചെയ്യുന്ന സി എസ് ഐ ചർച്. 1927ൽ ഓടുമേഞ്ഞ ചെറിയ കെട്ടിടത്തിലാണ് പള്ളിയുടെ തുടക്കം. ദളിത്‌ വിഭാഗത്തിൽ നിന്നും പരിവർത്തനം ചെയ്തു വന്നവരാണ് ഇവിടത്തെ വിശ്വാസികളിൽ പലരും. സി എസ് ഐ സഭയുടെ കീഴിൽ മരുതിക്കുന്നിൽ സ്ഥിതി ചെയ്യുന്ന ഈപള്ളി നാവായിക്കുളം ഇടവക എന്നാണറിയപ്പെടുന്നത്.
ജാതിമത രാഷ്ട്രീയ ഭേദമന്യേ സാംസ്കാരിക സമ്പന്നമായ സ്നേഹ കൂട്ടായ്മയും പക്വമായ മതേതര സങ്കൽപ്പവും രാഷ്‌ടീയ വീക്ഷണവും ദീർഘ വീക്ഷണത്തോട് കൂടിയുള്ള നാട്ടുകാരുടെ കൂട്ടായ പ്രവർത്തനം കല്ലമ്പലത്തിന്റെ വളർച്ച അനുദിനം വർധിപ്പിക്കുന്നു.

Article by എം സാജിദ് കല്ലമ്പലം

Post a Comment

0 Comments