മുന്‍രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന് തിരുവനന്തപുരത്ത് ശാസ്ത്ര ബഹിരാകാശ മ്യൂസിയമൊരുങ്ങി. വെള്ളനാട്ടെ കലാം സ്മൃതി ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് സ്‌പെയ്‌സ് മ്യൂസിയം കലാമിന്റെ പേരിലുള്ള രാജ്യത്തെ ആദ്യ മ്യൂസിയമാണ്. യുവാക്കള്‍ക്ക് കലാമിന്റെ ജീവിതം എന്നും പ്രചോദനമേകുന്നതാണ് മ്യൂസിയം.
രാമേശ്വരത്തുനിന്ന് രാഷ്ട്രപതി സ്ഥാനത്തേക്കും അതിലുപരി രാജ്യത്തെ ബഹിരാകാശ ശാസ്ത്രവിപ്‌ളവത്തിന്റെ മുഖ്യ പ്രചോദകനുമായുള്ള കലാമിന്റെ വളര്‍ച്ചയുടെ കഥപറയുന്നതാണ് മ്യൂസിയത്തിലെ മുഖ്യ ആകര്‍ഷണം. യുവാക്കളെ സ്വപ്നം കാണാനും ഭാവിയിലേക്ക് ലക്ഷ്യമിട്ട് ഉറച്ച ചുവടുകള്‍ വെയ്ക്കാനും പ്രേരിപ്പിക്കുന്ന കലാമിന്റെ വാക്കുകള്‍ മ്യൂസിയത്തില്‍ പ്രത്യേക പവലിയനായി ഒരുക്കിയിട്ടുണ്ട്. കലാമിന്റ ജീവിത വഴികള്‍ ചിത്രീകരിക്കുന്ന ചിത്രങ്ങളും ഫോട്ടോകളും, കലാം ഉപയോഗിച്ചിരുന്ന വസ്തുക്കള്‍, കലാമിന്റെ കയ്യൊപ്പ് ചാര്‍ത്തിയ വസ്തുക്കള്‍, റോക്കറ്റുകളുടെ ചെറുപതിപ്പുകള്‍, രാജ്യത്തിന്റെ ബഹിരാകാശ ശാസ്ത്രവളര്‍ച്ചയിലെ നാഴികകല്ലുകള്‍ തുടങ്ങി യുവതലമുറയെ ആകര്‍ഷിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന രീതിയിലാണ് മ്യൂസിയത്തിന്റെ ഘടന.
നഗരത്തിലെ സൗകര്യങ്ങളുള്ള ഗ്രാമങ്ങള്‍ എന്നതായിരുന്നു കലാമിന്റെ ലക്ഷ്യം. ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറുകയല്ല, ഗ്രാമങ്ങള്‍ സൗകര്യപ്രദവും സ്വയം പര്യാപ്തവുമാകണം എന്ന കലാമിന്റെ വികസന സ്വപ്നങ്ങള്‍ തലമുറകളിലേക്ക് പകരുകയാണ് മ്യൂസിയത്തിന്റെ ലക്ഷ്യമെന്ന് കലാം സ്മൃതി ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഷൈജു ഡേവിഡ് ആല്‍ഫി പറഞ്ഞു. ഇന്ന് നടന്ന ചടങ്ങില്‍ ഐ. എസ്.ആര്‍.ഒ മുന്‍ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണന്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തു. വി.എസ്.എസ്.സി ഡയറക്ടര്‍ ഡോ. കെ. ശിവന്‍ മുഖ്യപ്രഭാഷണം നടത്തി.

0 Comments