Ticker

6/recent/ticker-posts

ട്രിവാൻഡ്രം ലൈറ്റ് മെട്രോ പ്ലാൻ അല്ല വേണ്ടത്, മീഡിയം മെട്രോ റെയിൽ ആണ് അനുയോജ്യം!

കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരം, ഏറ്റവും വലിയ നഗരം, ചെറിയ ജില്ല ആണെങ്കിൽ പോലും ജനസംഖ്യയിൽ മലപ്പുറത്തിന് തൊട്ട്പിന്നിൽ.  നഗരത്തിലെന്നത് പോലെ ഗ്രാമീണ മേഖലയിലും ജനസംഖ്യ കൂടുതൽ.  മാറുന്ന ഗ്രാമീണ മേഖലയും വളരുന്ന നഗരസമൂഹവും.  അതിനുള്ള ഉദാഹരണം ആണ് കഴക്കൂട്ടം ഇന്ന് മെട്രോ സിറ്റിയുടെ പ്രതീതിയിലേക്കുള്ള പത്തു വർഷത്തിനടയ്ക്ക് സംഭവിച്ച മാറ്റങ്ങൾ.  ട്രിവാൻഡ്രം ഇനിയും വളരുകയാണ്, വിഴിഞ്ഞവും പള്ളിപ്പുറവും കടന്നു വളരുകയാണ്.  ആറ്റിങ്ങൽ പോലുള്ള മുനിസിപ്പാലിറ്റി ഇന്ന് ട്രിവാൻഡ്രം നഗരത്തിന്റെ സാറ്റലൈറ്റ് നഗരമായി മാറി.  വാണിജ്യ രംഗത്തുണ്ടായ മാറ്റങ്ങൾ അല്ലാതെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു മാറ്റവും ആറ്റിങ്ങലിനുണ്ടായിട്ടില്ല.  പക്ഷെ ഇവിടെ അനുദിനം വാഹങ്ങൾ ഇഴഞ്ഞു നീങ്ങുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.  നെയ്യാറ്റിങ്കരയും അതെ അവസ്ഥ തന്നെയാണ്.
ട്രിവാൻഡ്രം മെട്രോ റെയിൽ, എന്നത് ഭാവി കാണാതെ പ്ലാൻ ചെയ്ത ശുദ്ധ മണ്ടത്തരമായ ഡിപിആർ ആണ്.  വിഴിഞ്ഞം തുറമുഖവും, മാറുന്ന ട്രിവാൻഡ്രവും മുന്നിൽ കണ്ടല്ല ഈ പദ്ധതി പ്ലാൻ പോലും ചെയ്തിരിക്കുന്നത് എന്ന് കാണാൻ സാധിക്കും.  അധികം വളവും തിരിവുമില്ലാത്ത, മീഡിയം മെട്രോയ്ക്ക് അനുയോജ്യമായ റൂട്ട് ആണ് പുതിയ ദേശീയ പാത.  ഇവിടെയാണ് പണം അധികം ചെലവാക്കാൻ താല്പര്യമുള്ള ടെക്കികളും മറ്റും തൊഴിൽ ലഭ്യമാക്കിയ ടെക്നോപാർക്കും, എയർപോർട്ടും, ഇന്ത്യയിലെ ആദ്യത്തെ മദർ പോർട്ടുമൊക്കെ സ്ഥിതി ചെയ്യുന്നത്.  ഈ പാതയിൽ കൂടി മെട്രോ റെയിൽ റൂട്ട് ഇല്ല എന്നത് ശുദ്ധ മണ്ടത്തരമാണ്.  ഭാവി മുന്നിൽ കാണാതെയുള്ള വികസനം തന്നെയാണിത്.  ലൈറ്റ് മെട്രോ പദ്ധതി ഭാവി മുന്നിൽ കാണാതെയുള്ള പദ്ധതി എന്ന് തന്നെ വിശേഷിപ്പിക്കാം.  ട്രിവാൻഡ്രം നഗരം അടുത്ത പത്ത് വർഷത്തിനകം വമ്പൻ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്ന ഏഷ്യൻ നഗരമാണെന്നത് വിദഗ്ദർ വിശേഷിപ്പിക്കുന്നു.  അതിനാൽ തന്നെ ചെന്നൈ – ട്രിവാൻഡ്രം ഇൻഡസ്ട്രിയൽ കോറിഡോർ കേന്ദ്ര സർക്കാർ പരിഗണിക്കുന്നത്.  എന്നിട്ടും സംസ്ഥാന സർക്കാരും, ഡിഎംആർസിയും ലൈറ്റ് മെട്രോ ആയി മുന്നോട്ട് പോകുന്നത്  ഭാവിയിൽ ഇന്നത്തെ എയർപോർട്ട് റാമ്പ് പോലെ ഒരു ബാധ്യത ഉണ്ടാക്കാൻ വേണ്ടിയാണ് എന്നത് നമുക്ക് വിശേഷിപ്പിക്കാം.  
കൊച്ചി മെട്രോ റെയിൽ തുടക്കത്തിൽ ലൈറ്റ് മെട്രോ റെയിൽ പദ്ധതി ആയാണ് ഡിപിആർ തയ്യാറാക്കിയത്.  കെഎംആർഎൽ മീഡിയം മെട്രോ റെയിൽ ആയി പോകാൻ താല്പര്യപ്പെടുകയും, ശക്തമായ ഇടപെടൽ നടത്തിയതും വഴിയാണ് മീഡിയം മെട്രോ റെയിൽ ലഭ്യമായത്.  ട്രിവാൻഡ്രം മെട്രോ റെയിലിനായി രൂപീകരിച്ച സ്പെഷ്യൽ പർപ്പോസ് വെഹിക്കിൾ നിലവിൽ പദ്ധതിയുടെ രൂപകല്പനയിൽ മാറ്റം വരുത്താൻ പോലും നിർദ്ദേശിച്ചിട്ടില്ല.  
ആറ്റിങ്ങൽ നിന്നും തുടങ്ങി കഴക്കൂട്ടത്ത് നിന്നും മെട്രോ പാതയെ വേര്‍തിരിക്കണം. ഒരെണ്ണം പദ്ധതിയുടെ രൂപരേഖ പ്രകാരം ശ്രീകാര്യം, ഉള്ളൂര്‍, പട്ടം, പാളയം  വഴി കരമന‍ വരെയും രണ്ടാം ഘട്ടത്തില്‍ അവിടെ നിന്നും നെയ്യാറ്റിന്‍കര വരെയും, മൂന്നാം ഘട്ടത്തിൽ ആറ്റിങ്ങൽ നിന്നും വർക്കല വരെയും നീട്ടാം. എന്നാൽ ആദ്യ ഘട്ടത്തിനൊപ്പം തന്നെ ടെക്നോപാര്‍ക്ക്, ചാക്ക, ഈഞ്ചയ്ക്കല്‍, തിരുവല്ലം വഴി വിഴിഞ്ഞം വരെയും അവിടെ നിന്നും നെയ്യാറ്റിൻകരയിൽ ഉള്ള പാതയുമായി കൂട്ടി മുട്ടിക്കുന്ന രീതിയിൽ  ഈ പദ്ധതി നീട്ടണം എന്ന് ശക്തമായ ആവശ്യം നില നിൽക്കുന്നു.  നെടുമങ്ങാട് നിന്നും മോണോ റെയിൽ സർവീസ് ആരംഭിച്ചു കേശവദാസപുരത്തു മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന തരത്തിലും പദ്ധതി നടപ്പിലാക്കണം.  ഇതെല്ലാം ഭാവി കണ്ടുള്ള വികസനം തന്നെയാണ്.
മീഡിയം മെട്രോ റയിലിൽ 950 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുമ്പോൾ ലൈറ്റ് മെട്രോയിൽ വെറും 700 പേർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കുകയുള്ളു.  ഭാവി മുന്നിൽ കാണാതെയുള്ള പദ്ധതിയാണ് നിലവിൽ ഡിഎംആർസി തയ്യാറാക്കിയിട്ടുള്ളത്.  ഇതിനെ കുറിച്ചു നാറ്റ്പാക് തയ്യാറാക്കിയ പഠനവും ഭാവി മുന്നിൽ കാണാതെയുള്ള പഠന റിപ്പോർട്ട് ആണ്.  പദ്ധതിയിൽ വിഴിഞ്ഞം പദ്ധതിയോടനുബന്ധിച്ചുണ്ടാക്കുന്ന മാറ്റവും, പുതിയ ദേശീയപാതയെ കുറിച്ചും പഠിച്ചിട്ടില്ല എന്ന് മനസ്സിലാക്കാം.

Post a Comment

0 Comments