തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിക്ക് നിർണായക വഴിത്തിരിവ്. മെട്രോ പദ്ധതികൾക്ക് ബാധകമായ ജനസംഖ്യാ മാനദണ്ഡം തിരുവനന്തപുരം പാലിക്കുന്നതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) സംസ്ഥാന സർക്കാരിനെ അറിയിച്ചു.
2011ലെ സെൻസസ് കണക്കുകൾ പ്രകാരം തിരുവനന്തപുരം മെട്രോയുടെ സമഗ്ര ഗതാഗത പദ്ധതി (CMP) പരിഗണിക്കുന്ന പ്രദേശത്തെ ജനസംഖ്യ ഏകദേശം 26 ലക്ഷമാണ്. മെട്രോ റെയിൽ പോളിസി 2017 പ്രകാരം കുറഞ്ഞത് 20 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളെയാണ് മെട്രോ പദ്ധതികൾക്കായി പരിഗണിക്കുന്നത്. ഇതോടെ ജനസംഖ്യാ മാനദണ്ഡവുമായി ബന്ധപ്പെട്ട പ്രധാന ആശങ്കയ്ക്ക് പരിഹാരമായിരിക്കുകയാണ്.
1,194 ചതുരശ്ര കിലോമീറ്റർ മേഖല
തിരുവനന്തപുരം CMPയ്ക്കായി പരിഗണിച്ചിരിക്കുന്നത് 1,194 ചതുരശ്ര കിലോമീറ്റർ വരുന്ന വിശാലമായ ആസൂത്രണ മേഖലയാണ്. തിരുവനന്തപുരം കോർപ്പറേഷനും മൂന്ന് നഗരസഭകളും 51 ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ മേഖല.
ഇതിൽ 372 ചതുരശ്ര കിലോമീറ്റർ വരുന്ന നഗരകേന്ദ്ര മേഖലയാണ് മെട്രോ സംബന്ധിച്ച വിശദമായ പഠനത്തിന് പരിഗണിച്ചത്. വിശാലമായ നഗര സ്വാധീന മേഖലയാണ് ഗതാഗത മാതൃകാ പഠനത്തിനായി ഉൾപ്പെടുത്തിയത്.
ഇനി മെട്രോ പദ്ധതിക്ക് വേഗം കൂടുമോ?
ജനസംഖ്യാ മാനദണ്ഡം സംബന്ധിച്ച വ്യക്തത വന്നതോടെ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.
ട്രിവാൻഡ്രം ഇന്ത്യൻ ഇടപ്പെടലിനെ തുടർന്ന് ആണ് സിഎംപിയിൽ ജനസംഖ്യ പുതുക്കി റിപ്പോർട്ട് തയ്യാറാക്കിയത്, ഇതോടെ മെട്രോ യാഥാർഥ്യം ആകാൻ ഒരുങ്ങുകയാണ്!
അടുത്തിടെ KMRL പുതുക്കിയ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. ഇനി സർക്കാരിന്റെ അംഗീകാരവും തുടർനടപടികളും നിർണായകമാണ്.
തലസ്ഥാന നഗരത്തിന്റെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും യാത്രാ ആവശ്യങ്ങൾക്കും പരിഹാരമാകുന്ന വൻ പൊതുഗതാഗത പദ്ധതിയായാണ് തിരുവനന്തപുരം മെട്രോയെ കാണുന്നത്.
26 ലക്ഷം ജനസംഖ്യ — 20 ലക്ഷം മാനദണ്ഡം മറികടന്നു.
ഇനി തലസ്ഥാനത്തിന് വേണ്ടത് മെട്രോയുടെ അനുമതിയും നിർമാണത്തിലേക്കുള്ള വേഗത്തിലുള്ള നടപടികളും.
Trivandrum Indian
0 Comments