ഈഞ്ചയ്ക്കലിൽ പുതിയ ബസ് സ്റ്റാൻഡിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ കെഎസ്ആർടിസി ആരംഭിച്ചു. 5.79 ഏക്കർ ഭൂമിയാണ് ഇവിടെ കെഎസ്ആർടിസിക്കുള്ളത്. ഇവിടെ തറ നിരപ്പാക്കുന്ന പണികളാണ് തുടങ്ങിയത്. ഇവിടെ ഉപേക്ഷിച്ചിട്ടുള്ള പഴയ വാഹനങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. പഴയ വാഹനങ്ങൾ മാറ്റിയാൽ മാത്രമേ ഈ ഭൂമി പൂർണ തോതിൽ ഉപയോഗിക്കാൻ കഴിയൂ.
മണ്ണ് നിരത്താൻ ഒരു മാസത്തിലധികം വേണ്ടിവരും. ബസ് സ്റ്റാൻഡ് നിർമാണത്തിനായി പൊതുമേഖല സ്ഥാപനങ്ങളുമായി ചർച്ച നടക്കുകയാണെന്നു മന്ത്രി സി പി ജോൺ പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപറേഷൻ പെട്രോൾ ബങ്ക് സ്ഥാപിക്കുന്നതിന് അനുമതി നൽകാനും ആലോചനയുണ്ട്. സ്റ്റാൻഡ് വരുന്നതോടെ കെഎസ്ആർടിസി ബസുകളും തമ്പാനൂരിൽ വഴിമുട്ടുന്ന സ്വകാര്യ ഇന്റർസ്റ്റേറ്റ് ബസുകളും ഇവിടേക്കു മാറ്റും. സ്വകാര്യ ബസുകൾക്ക് പാർക്കിങ് സൗകര്യം ഒരുക്കുന്നതു വഴി കെഎസ്ആർടിസിക്ക് അധിക വരുമാനവും ലഭിക്കും. 6 ബസ് ബേകളും 60 ബസുകൾക്കുള്ള പാർക്കിങ് സൗകര്യവുമാണ് മുൻപ് ഇവിടെ ശുപാർശ ചെയ്തിരുന്നത്. എന്നാൽ, ഇത് പര്യാപ്തമായില്ല. കുറഞ്ഞത് 30 ബസ് ബേകൾ എങ്കിലും ഇവിടെ ആവശ്യമാണ്. 10 എണ്ണം സ്വകാര്യ ബസുകൾക്കും 20 എണ്ണം കെഎസ്ആർടിസി ദീർഘദൂര സർവീസുകൾക്കും നീക്കിവയ്ക്കാൻ കഴിയും.
ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ സ്പാനുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനം പുതിയ ബസ് ടെർമിനലിലേക്കുള്ള ഗതാഗതം സുഗമമാക്കുമെങ്കിലും മേൽപാലത്തിന്റെ പണി ഇപ്പോൾ നടക്കുന്നില്ല. ഡിസൈൻ പുതുക്കിയ ശേഷം നിർമാണം ആരംഭിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും കരാറുകാരൻ കൂടുതൽ തുക ആവശ്യപ്പെട്ടതോടെ പദ്ധതി പ്രതിസന്ധിയിലാണ്. പാലം വരികയാണെങ്കിൽ അതിനടിയിലൂടെ ബസുകൾക്കു ടെർമിനലിലേക്ക് പ്രവേശിക്കാൻ കഴിയും. 47 കോടി രൂപയാണ് ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ എസ്റ്റിമേറ്റ്. പുതുക്കിയ ഡിസൈൻ നടപ്പാക്കാൻ 20 കോടി അധികമായി വേണമെന്നാണ് കരാറുകാരുടെ ആവശ്യം.
0 Comments