തിരുവനന്തപുരം: BRICS അംഗരാജ്യങ്ങളും പങ്കാളി രാജ്യങ്ങളും ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാർ കേരളത്തിന്റെ ഭക്ഷണം, സംസ്കാരം, പാരമ്പര്യം, ആതിഥേയത്വം എന്നിവ നേരിട്ടറിയാൻ തിരുവനന്തപുരത്തെത്തി.
കേരളത്തിലെ മൂന്ന് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി എത്തിയ 35ഓളം കണ്ടന്റ് ക്രിയേറ്റർമാരാണ് തലസ്ഥാന നഗരിയിലും പരിസര പ്രദേശങ്ങളിലുമായി വിവിധ അനുഭവങ്ങൾ സ്വന്തമാക്കിയത്.
തിരുവനന്തപുരം ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ കേരളത്തിന്റെ പ്രത്യേകതകളും ടൂറിസം സാധ്യതകളും സംബന്ധിച്ച് വിവരങ്ങൾ പങ്കുവെച്ചു. കേരളത്തിന്റെ 600 കിലോമീറ്റർ നീളുന്ന തീരപ്രദേശം, പശ്ചിമഘട്ടം, തുറമുഖ-വ്യോമയാന മേഖലയിലെ വളർച്ച, ആയുർവേദം, വെൽനസ് ടൂറിസം തുടങ്ങിയ സാധ്യതകളും സന്ദർശകർക്ക് പരിചയപ്പെടുത്തി.
കോവളത്ത് കേരളത്തിന്റെ കരകൗശല പാരമ്പര്യം
സന്ദർശനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര കണ്ടന്റ് ക്രിയേറ്റർമാർ കോവളം കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും സന്ദർശിച്ചു. പ്രാദേശിക കരകൗശല വിദഗ്ധരുമായി സംവദിച്ച സംഘം കേരളത്തിന്റെ പരമ്പരാഗത കലകളും കരകൗശല പാരമ്പര്യവും അടുത്തറിഞ്ഞു.
കേരളത്തിന്റെ തനത് ഭക്ഷണവും സന്ദർശകരുടെ ശ്രദ്ധ നേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാർ കേരള സദ്യയും വാഴയിലയിലെ ഭക്ഷണവും ഉൾപ്പെടെയുള്ള പ്രാദേശിക വിഭവങ്ങൾ ആസ്വദിക്കുകയും അനുഭവങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തു.
ചൈന, മലേഷ്യ, ഈജിപ്ത്, നൈജീരിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ക്രിയേറ്റർമാർ കേരളത്തിലെ ജനങ്ങളുടെ ആതിഥേയത്വത്തെയും ഭക്ഷണ വൈവിധ്യത്തെയും പ്രത്യേകം പ്രശംസിച്ചു.
തിരുവനന്തപുരത്തിന്റെ കഥ ഇനി ആഗോള പ്രേക്ഷകരിലേക്ക്
സാധാരണ ടൂറിസം പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, അന്താരാഷ്ട്ര കണ്ടന്റ് ക്രിയേറ്റർമാരുടെ സന്ദർശനം കേരളത്തിന്റെ അനുഭവങ്ങളെ നേരിട്ട് ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.
കോവളം ഉൾപ്പെടെയുള്ള തിരുവനന്തപുരത്തിന്റെ വിനോദസഞ്ചാര കേന്ദ്രങ്ങളും കേരളത്തിന്റെ സംസ്കാരവും ഭക്ഷണവും പാരമ്പര്യവും ഇനി വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയ പ്രേക്ഷകരിലേക്കെത്തും.
കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം ഒരു ഭരണകേന്ദ്രം മാത്രമല്ലെന്നും സംസ്കാരം, പൈതൃകം, ബീച്ചുകൾ, ആയുർവേദം, ഭക്ഷണം, ആതിഥേയത്വം എന്നിവയിലൂടെ ലോകത്തെ കേരളത്തിലേക്ക് ക്ഷണിക്കുന്ന പ്രധാന കവാടമാണെന്നും ഈ സന്ദർശനം വീണ്ടും അടിവരയിടുന്നു.
0 Comments